‘ബീവി നമ്പര്‍ വണ്ണി’ലെ പൂജയാണോ ‘ഥപ്പടി’ലെ അമുവാണോ ശരി ?
വളരെ യാദൃശ്ചികമായിട്ടാണ് ‘ബീവി നമ്പര്‍ വണ്‍’ എന്ന ചിത്രം കണ്ടത്. 1999 ല്‍ സല്‍മാന്‍ ഖാന്‍-കരിഷ്മ കപൂര്‍ ജോഡികളെ കേന്ദ്രകഥാപാത്രമാക്കി ഡേവിഡ് ധവാന്‍ സൃഷ്ടിച്ച സിനിമയാണിത്. എല്ലാരേയും പോലെ ഞാനും ഥപ്പടിലെ അടിയും, ഡിവോഴ്‌സിന് പോയ അമുവിനേപ്പറ്റിയും ഒരുപാട് ആലോചിച്ചിരുന്നു. ഇനിപ്പറയുന്നത് എന്റെ ചില സംശയങ്ങള്‍ മാത്രമാണ്.
ഇരുവരും ഭാര്യമാരാണ് എന്നുള്ളതൊഴിച്ചാല്‍ വലിയ സാമ്യങ്ങള്‍ ഒന്നും തന്നെ അവരുടെ വ്യക്തിത്വത്തില്‍ ഇല്ലാ. രണ്ടുപേരും ഭര്‍ത്താക്കന്‍മാര്‍ക്ക് ആവശ്യമായതെല്ലാം മടി കൂടാതെ ചെയ്യുന്നുമുണ്ട്. എന്നാല്‍ പൂജ (ഭാരത സംസ്‌ക്കാരം അനുസരിച്ച്) നമ്രമുഖിയായ, ഭര്‍ത്താവിന്റെ കാര്യങ്ങള്‍, കുടുംബത്തിന്റെ ഉത്തരവാദിത്തം ഇവയിലെല്ലാം സന്തോഷം കണ്ടെത്തുന്നവളാണ്. പുരുഷ കേന്ദ്രീകൃത വ്യവസ്ഥയ്ക്ക് പ്രാധാന്യം നല്‍കുന്ന സമൂഹത്തെ സംതൃപ്തരാക്കുന്ന ടിപ്പിക്കല്‍ ഭാര്യ. അമുവും നല്ല ഭാര്യയാണ്. എന്തുകൊണ്ട് അവള്‍ ഇന്നത്തെ സമൂഹത്തിലും ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്നു?
ഇനി ഭര്‍ത്താക്കന്മാരിലേക്ക് നോക്കാം. രണ്ടുപേരും ആരും ആഗ്രഹിക്കുന്ന സൗന്ദര്യവും, പണവും, ജീവിത വിജയവും കൈവരിച്ചവരാണ്. എന്നാല്‍ ഇരുവരും ഭാര്യമാരോട് ഓരോ തെറ്റു ചെയ്യുന്നു. ഭാര്യമാര്‍ പ്രതികരിക്കുന്നത് രണ്ടു വിധത്തിലും. പൂജയുടെ ഭര്‍ത്താവ് പ്രേം മറ്റൊരു സുന്ദരിക്കു വേണ്ടി ഭാര്യയെ മറക്കുന്നു (എന്നാല്‍ പാവം കാമുകിയും ഇതറിയുന്നില്ല). പിന്നീട് സത്യം മനസിലാക്കി കാമുകി പിന്മാറുമ്പോള്‍ പ്രേം അവളെ പോകാന്‍ അനുവദിക്കുന്നില്ല. കാര്യങ്ങളൊക്കെ ഒരു ദിവസം ഇടിത്തീ പോലെ പൂജയുടെ മുന്നില്‍ വെളിപ്പെടുമ്പോള്‍ ഭര്‍ത്താവിനെ പുറത്താക്കുന്നു. (അതുവരെ പൂജ അടിപൊളി) പ്രേം മടികൂടാതെ കാമുകിക്കൊപ്പം താമസിക്കുന്നു. പിന്നാലെ ഭര്‍ത്താവിനെ മറക്കാന്‍ കഴിയാതെ പൂജ നിരവധി ട്രിക്കുകള്‍ ഉപയോഗിച്ച് പ്രേമിനെ വീണ്ടും കുടുംബത്തിലേക്ക് ചേര്‍ക്കുന്നു. മൊത്തത്തില്‍ തമാശയുടെ മേമ്പൊടി ചേര്‍ത്ത് സംവിധായകന്‍ ഭാരതസ്ത്രീയുടെ ഭാവങ്ങള്‍ അങ്ങ് പറഞ്ഞു തീര്‍ത്തു. ഥപ്പടിലെ കഥ നമുക്കറിയാം, അപ്പോള്‍ അതില്‍ തന്റെ ഭര്‍ത്താവിന്റെ ചെറിയ ഒരു തെറ്റ് പോലും ക്ഷമിക്കാത്ത അമു അഹങ്കാരിയായോ?
പൂജയാണോ അമുവാണോ ശരി?
ഒറ്റവാക്കില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത തര്‍ക്ക വിഷയമാണിത്. സ്ത്രീ തന്നേപ്പറ്റി ഒരിക്കലും ചിന്തിക്കാന്‍ പാടില്ല എന്ന അഭിപ്രായത്തില്‍ നില്‍ക്കുന്നവര്‍ക്ക് പൂജയാണ് ശരി. അമുവിനോട് വക്കീല്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട് ‘വീട്ടില്‍ ഇരിക്കുന്നത് എന്റെ ചോയ്‌സ് ആയിരുന്നു’ വെന്ന്. അമുവിനെ ചോദ്യം ചെയ്തവര്‍ക്കുള്ള കൃത്യമായ മറുപടി. പെണ്ണിന് തന്റെ ആത്മാഭിമാനം കളഞ്ഞ് ജീവിക്കാന്‍ താല്‍പര്യം ഇല്ലെന്ന് പറയാന്‍ പാകത്തിന് കാലം മാറിയില്ലേ? അപ്പോള്‍ പൂജയും ശരിയാണ്. അവള്‍ അമ്മായിഅമ്മയോട് വ്യക്തമാക്കുന്നുണ്ട് കുടുംബത്തിലാണ് തന്റെ സന്തോഷം എന്നത്. പക്ഷേ, അന്നത്തെക്കാലത്ത് ഈ പടം എത്രമാത്രം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് എന്നെനിക്കറിയില്ലാ. എന്തുകൊണ്ട് അമു?? ആക്ഷേപഹാസ്യം പോലെ ചിത്രം കണ്ടിരുന്നാല്‍ ഭര്‍ത്താവിനെത്തിരിച്ച് കൊണ്ടുവന്ന പൂജ സമൂഹത്തോട് ചോദിക്കുകയല്ലേ, ഇയാളില്ലാതെ നിങ്ങളാരും എന്നെ അംഗീകരിക്കില്ലേയെന്ന്? സമൂഹം കൊടുത്ത ഇന്‍സെക്യൂരിറ്റീസാവാം അവളെ ഭര്‍ത്താവിനെ തിരികെ നേടാന്‍ പ്രേരിപ്പിച്ചത്. പ്രണയമാണ് കാരണമെന്ന് പറഞ്ഞാല്‍ ശുദ്ധ മണ്ടത്തരം എന്ന് പെണ്‍കുട്ടികള്‍ പറയും.
എന്തൊക്കെപ്പറഞ്ഞാലും മാറാത്ത ചില കാര്യങ്ങള്‍ സമൂഹത്തിലുണ്ട്. ഒരു നല്ല മാറ്റം ഉണ്ടാകട്ടെ…സ്‌നേഹത്തോടൊപ്പം പെണ്ണിന് സ്വാതന്ത്രവും ബഹുമാനവും കിട്ടട്ടെ. ഇതൊന്നും ഇന്ന് കിട്ടുന്നില്ലേ? നിങ്ങള്‍ക്ക് ഇപ്പോ ഉള്ളത് തന്നെ അധികമല്ലേ? എന്നൊക്കെ ചോദിക്കുന്നവര്‍ ഇന്നത്തെ വാര്‍ത്താ മാധ്യമങ്ങളിലേക്ക് നോക്കുക. പാമ്പ് കടിയേറ്റ് മരിച്ച പെണ്‍കുട്ടിയെ കണ്ടില്ലേ.
കേട്ടത് ശരിയാണെങ്കില്‍ ഇനിയും ഇന്ത്യ മാറാനുണ്ട്.
പ്രതീക്ഷയോടെ,
മിഥില മരിയറ്റ്