ചലച്ചിത്രവും നാടകവും
പ്രത്യക്ഷത്തില്‍ ചലച്ചിത്രവും നാടകവും തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നു തോന്നാം. ചലച്ചിത്രം നാടകത്തിന്റെ ഒരു വിപുലീകരണമാണെന്ന സിദ്ധാന്തം ആവിഷ്കരിച്ചവരുമുണ്ട്. കഥാവതരണത്തിലും മാനുഷികസംഘര്‍ഷത്തിലും അഭിനയത്തിലുമുള്ള സമാനതയാകാം സൈദ്ധാന്തികരെ ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചത്. അരങ്ങിലവതരിപ്പിക്കുന്ന ഒരു നാടകത്തെ അപ്പാടെ സിനിമയിലാക്കുവാന്‍ കഴിയും. എന്നാല്‍ അത് ‘സിനിമയിലാക്കപ്പെട്ട ഒരു നാടകം’ മാത്രമായിരിക്കും. നിശ്ശബ്ദസിനിമാ കാലഘട്ടത്തിലെ മിക്ക സിനിമകളും ഇത്തരത്തില്‍ തിരശ്ശീലയിലെത്തിയ നാടകങ്ങളാണെന്നു കാണാം.
നാടകകൃത്തിന്റെ വരികള്‍ അരങ്ങിലൂടെ നടീനടന്മാര്‍ അഭിനയിച്ച് കാണികളിലെത്തിക്കുന്ന നാടകമാണ് അടിസ്ഥാനപരമായി ചലച്ചിത്രത്തിലാക്കേണ്ടത്. കാണികളുടെ വീക്ഷണകോണിലൂടെ മാത്രം ക്യാമറ അത് പകര്‍ത്തണമെന്നില്ല. സ്ഥിരമായി നില്ക്കുന്ന അരങ്ങില്‍പ്പോലും ക്യാമറയുടെയും ലെന്‍സിന്റെയും ചലനങ്ങള്‍കൊണ്ട് അരങ്ങിന്റെ വ്യാപ്തിയും സാധ്യതയും വര്‍ധിപ്പിക്കാന്‍ കഴിയും.
അവതരണസമയത്തുമാത്രം ആയുസ്സുള്ള നാടകത്തെ വരുംതലമുറയ്ക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കാന്‍ ചലച്ചിത്രത്തിലാക്കപ്പെട്ട നാടകത്തിനു കഴിയുന്നു. ഇത്തരം ചലച്ചിത്രങ്ങളെ ഒരു പ്രത്യേകവിഭാഗമായി ഒഴിച്ചുനിര്‍ത്തിയിട്ടുവേണം സിനിമയും നാടകവും തമ്മിലുള്ള അടിസ്ഥാനപരമായ സാജാത്യവൈജാത്യങ്ങളെപ്പറ്റി ചിന്തിക്കേണ്ടത്.
ചലച്ചിത്രം രേഖപ്പെടുത്തുന്നത് ആലേഖനകലയും, നാടകം പ്രകടനകലയുമാണ്. അരങ്ങില്‍ നടനാണ് സര്‍വാധികാരി; ചലച്ചിത്രത്തില്‍ സംവിധായകനും. ചലച്ചിത്രത്തില്‍ നടന്‍ സംവിധായകന്റെ പല ഉപകരണങ്ങളില്‍ ഒന്നുമാത്രമാണ്. അരങ്ങില്‍ നടന്‍ പ്രേക്ഷകനുമായി നേരിട്ടു സംവദിക്കുന്നു. ചലച്ചിത്രത്തിലാകട്ടെ, ദൃശ്യ-ശ്രാവ്യബിംബങ്ങളുടെ ക്രമമായ ചിട്ടപ്പെടുത്തലിലൂടെ കാണികള്‍ക്ക് അര്‍ഥം മനസ്സിലാക്കിക്കൊടുക്കുകയാണ് സംവിധായകന്‍.
നാടകത്തില്‍ നടനോടൊപ്പംതന്നെ സംഭാഷണങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ആഖ്യാനത്തിനും ദൃശ്യസാധ്യതകള്‍ക്കും ഊന്നല്‍നല്കുന്നതിനാല്‍ ചലച്ചിത്രത്തില്‍ സംഭാഷണങ്ങള്‍ക്കു വലിയ സ്ഥാനമില്ല. സംഭാഷണങ്ങളില്ലാതെതന്നെ സിനിമ രൂപപ്പെടുത്തുവാന്‍ കഴിയും. എന്നാല്‍ ഒട്ടുമിക്ക സിനിമകളും സംഭാഷണത്തില്‍ അധിഷ്ഠിതമാണ്.
നാടകം ഒരു നിശ്ചിത സ്ഥലകാലത്തില്‍ നിബദ്ധമാണ്. എന്നാല്‍ ചലച്ചിത്രത്തിന്റെ കാലം അനിയതമാണ്. നാടകത്തിലെ സംഭവവികാസങ്ങളുടെ വളര്‍ച്ചയ്ക്ക് കാലപരിധിയുണ്ട്. സ്ഥലകാലങ്ങളെ ഭേദിക്കാനുള്ള പരീക്ഷണങ്ങള്‍ നാടകത്തില്‍ നടന്നിട്ടുണ്ടെങ്കിലും സിനിമയുടെ സാധ്യതകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതിന് ഏറെ പരിമിതികള്‍ ഉണ്ട്.
ഒരു നാടകംതന്നെ വിവിധ അരങ്ങുകളില്‍ അനേകം തവണ അവതരിപ്പിക്കാറുണ്ട്. ഒരു പ്രത്യേകനാടകകൃതിയെ അവലംബിക്കുന്നതൊഴിച്ചാല്‍ ഓരോ നാടകങ്ങളും വ്യത്യസ്തങ്ങളാണ്. ആ കൃതിയുടെതന്നെ വ്യത്യസ്തവ്യാഖ്യാനങ്ങളായി അവയെ കണക്കാക്കാം. പക്ഷേ, ചലച്ചിത്രം മാറ്റങ്ങളൊട്ടുമില്ലാത്ത, പൂര്‍ണത പ്രാപിച്ച ഒരു കലാസൃഷ്ടിയാണ്. പശ്ചാത്തലത്തെ സംബന്ധിച്ച അടിസ്ഥാനപരമായ വ്യത്യാസങ്ങളും രണ്ടുമാധ്യമങ്ങളും പുലര്‍ത്തുന്നുണ്ട്. നാടകത്തില്‍ സൂചനകള്‍കൊണ്ടു മാത്രമാണ് പശ്ചാത്തലസംവിധാനം നടത്തുന്നത്. അതിനാല്‍ അതിന് യാഥാര്‍ഥ്യ പ്രതീതിയില്ല. സിനിമയിലാകട്ടെ ഏതു പശ്ചാത്തലവും യാഥാര്‍ഥ്യമായിത്തന്നെ അവതരിപ്പിക്കാന്‍ കഴിയുന്നു.
ഒരു നാടകം കാണുവാനിരിക്കുമ്പോള്‍ അരങ്ങ്, നടീനടന്മാര്‍, അവരുടെ വസ്ത്രാലങ്കാരം, പ്രകാശസംവിധാനം, കര്‍ട്ടന്‍, സംഭാഷണങ്ങള്‍, നമ്മുടെ പരിസരത്തുള്ള കാണികള്‍, എല്ലാം നാടക പ്രേക്ഷകന്റെ ബോധമണ്ഡലത്തില്‍ സചേതനമായി നിറയുന്നു. പക്ഷേ, സിനിമാപ്രേക്ഷകനെ സംബന്ധിച്ചിടത്തോളം താന്‍ ഒരു സിനിമാതിയെറ്ററിലാണെന്നും തനിക്കുചുറ്റും കാണികളുണ്ടെന്നും കുറേ സമയത്തേക്ക് പ്രേക്ഷകന്‍ മറക്കുന്നു. തിരശ്ശീലയിലെ കഥാപാത്രങ്ങളുമായി അയാള്‍ വളരെ വേഗം താദാത്മ്യം പ്രാപിക്കുന്നു. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകര്‍ സ്വയംമറന്നു ചിരിക്കുന്നതും അവരുടെ കണ്ണുകള്‍ ഈറനണിയുന്നതും തിയെറ്ററില്‍നിന്നും പുറത്തുവരുമ്പോള്‍ കുറേ സമയത്തേക്ക് അവര്‍ പുതിയ മനുഷ്യരായി മാറുന്നതും.