‘കാണെക്കാണെ’ – രഹസ്യങ്ങൾ ഒളിപ്പിച്ച മികച്ച ക്ലാസ്സിക്
സുരാജ് വെഞ്ഞാറമ്മൂട്, ഐശ്വര്യ ലക്ഷ്മി, ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി, ബോബി & സഞ്ജയ് എഴുതി മനു അശോകൻ സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് ‘കാണെക്കാണെ’. മികച്ച സംവിധാനവും, ഛായാഗ്രഹണവും, സംഗീതവും ഒന്നിച്ചപ്പോൾ പിറന്നതാണ് ‘കാണെക്കാണെ’ വിസ്മയിപ്പിച്ച ഈ ചിത്രം.
മകൾ മരിച്ച ഒരു അപ്പൻ്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ത്രില്ലർ സസ്പെൻസ് മൂടിൽ ചിത്രീകരിച്ചത് കൊണ്ട് തന്നെ വളരെ ചെറിയ ഒരു വിഷയത്തിൽ നിന്നുകൊണ്ട് തന്നെ ഇതൊരു ഒന്നാന്തരം ക്ലാസ്സിക് സിനിമയായി മാറി. കഥയുടെ ആദ്യം മുതൽ ഒളിഞ്ഞിരിക്കുന്ന ഒരു രഹസ്യം, അത് പുറത്ത് കൊണ്ട് വരാൻ ശ്രമിക്കുന്ന അയാള്, തൻ്റെ സംശയങ്ങളിലൂടെ മകളുടെ മരണത്തിൽ ഉണ്ടായിരുന്ന രഹസ്യം അന്വേഷിക്കുന്നു.
പരിധികൾ ഇല്ലാതെ മകളെ സ്നേഹിക്കുന്ന അപ്പനായി സുരാജ് തിളങ്ങി. ടോവിനോതോമസും ഐശ്വര്യ ലക്ഷ്മിയും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. മികച്ച അഭിനയം തന്നെയാണ് കാഴ്ച വെച്ചത്. ഇടയ്ക്ക് മാത്രം വന്നു പോകുന്ന കഥാപാത്രങ്ങളുടേത് പോലും വളരെ അഭിനന്ദനം അർഹിക്കുന്ന അഭിനയം തന്നെ ആയിരുന്നു. എടുത്ത് പറയേണ്ട ഒരു കാര്യം, തമാശകൾ ഒട്ടും തന്നെ ഇല്ലാത്ത ഒരു ചിത്രമാണ് ഇത്. അതുകൊണ്ട് ചിലർക്ക് എങ്കിലും ഈ ചിത്രം ഇഷ്ടമാകില്ല.
ചിത്രത്തിൻ്റെ പേര് അതിൻ്റെ കഥയോട് 100% നീതി പുലർത്തുന്നു. തുടക്കം മുതലുള്ള സസ്പെൻസും ത്രില്ലെർ മൂടും ചിത്രത്തെ അതിൻ്റെ പൂർണതയിൽ എത്തിക്കുന്നു.
കുഞ്ഞു വിഷയങ്ങളിലെ പുതുമയും പൂർണ്ണതയും കൊണ്ടുവരാൻ സംവിധായകനും അണിയറ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്. അത് വ്യക്തമായും കൃത്യമായും സിനിമയിൽ കാണിക്കുന്നുണ്ട്. കണ്ട് തുടങ്ങുമ്പോൾ ഉണ്ടായിരുന്ന എല്ലാ സംശയങ്ങളും മാറി ക്ലൈമാക്സ് എത്തുമ്പോഴേക്കും മനസ്സിലാക്കാൻ സാധിക്കുന്നു.
എന്നിരുന്നാലും മനുഷ്യൻ്റെ സ്വാർഥത, കള്ളത്തരം, കുറ്റബോധം, മനുഷ്യത്വം ഇല്ലാത്ത സ്വഭാവം, അത് പോലെ നീതി കിട്ടാത്ത അവസ്ഥ, ഒരു മരണത്തെ വളരെ നിസ്സാരമായി അവഗണിക്കുന്ന സാഹചര്യങ്ങൾ അങ്ങനെ നമ്മൾ സമൂഹത്തിൽ കാണുന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ പല കാര്യങ്ങളും ചിത്രത്തിൽ എടുത്ത് കാണിക്കുന്നുണ്ട്.
Review By Midhila Mariat