പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ
ആദ്യമായി ഞാനൊരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഈ സിനിമ കണ്ടപ്പോള്‍ ഒരു നിറഞ്ഞ സദസ്സും അവിടെ അരങ്ങില്‍ ആടിത്തകര്‍ക്കുന്ന ഓട്ടന്‍ തുള്ളലുമാണ ഞാന്‍ കണ്ടത്. ഇവിടെ സംവിധായകനാണ് ആ കലാകാരന്‍.
പ്രത്യക്ഷത്തില്‍ ഒരു ‘ഊളപ്പടം’ എന്ന് ഏതൊരു സാധാരണ പ്രേഷകനും പറഞ്ഞുപോകുന്ന ഒരു തരം അവതരണമാണ് ചിത്രത്തിന്റേത്. പക്ഷേ, രുചിക്കുന്തോറും ലഹരി നിറയുന്ന ഏതോ ഭക്ഷണത്തോട് ഉപമിക്കാന്‍ എനിക്ക് തോന്നുന്നു.
ആദ്യ കാഴ്ചയില്‍ വെറുപ്പും, മടുപ്പും എന്നില്‍ ഉളവാക്കിയ ചിത്രം, പതിയെ അതിന്റെ ആസ്വാദന മേഖലകളെ തുറന്നു തന്നു. രസമുകുളങ്ങള്‍ അതിന്റെ ഓരോ കഥാപാത്രത്തേയും സ്‌കാന്‍ ചെയ്‌തെടുത്തു, എന്നിട്ട് ലോകത്തോടു വിളിച്ചു പറയാനും പറഞ്ഞു.
കഥയുടെ ഇതിവൃത്തിലേക്ക് ഒന്ന് നോക്കാം.
കേരളത്തിലെ ഒരു പ്രമുഖ കൃസ്ത്യന്‍ കുടുംബത്തിലെ ഇളയ മകന് കല്യാണം വാക്കാല്‍ ഉറപ്പിക്കുന്ന ചടങ്ങില്‍ നിന്നും പടം തുടങ്ങുന്നു. ചെക്കന്‍ സുമുഖന്‍, സുന്ദരന്‍ അമേരിക്കയില്‍ ഗൂഗിളില്‍ ജോലി (എന്ന് പറയപ്പെടുന്നു). പിന്നീടങ്ങോട്ട് സ്ത്രീധനം അങ്ങ് താരമാകുന്നു. ചെക്കനു കിട്ടുന്ന സ്ത്രീധനത്തുക കൊണ്ട് കുടുംബത്തെ രക്ഷിക്കാന്‍ നോക്കുന്ന സഹോദരന്‍/ അളിയന്‍മാര്‍. അവസാനം മനസമ്മതത്തിന്റെ ദിവസം അവിടെ ചില നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നു. ചിത്രം അതിന്റെ പൂര്‍ണതയില്‍ അവസാനിക്കാന്‍ ലഹരിയുടെ പുകച്ചുരുളുകളില്‍ തനിക്കു ചുറ്റും നടന്നതൊക്കെ തനിക്കിഷ്ടപ്പെട്ട ക്ലൈമാക്‌സില്‍ എത്തിക്കുന്ന മറ്റൊരു സഹോദരന്‍. ഇന്നത്തെ ലോകത്തിന് ലഹരി പലവിധമാണ്. തനിക്കിഷ്ടമുള്ള ലോകം മാത്രം കാണാന്‍ ആഗ്രഹിക്കുന്ന തലമുറ.
പക്ഷെ ഇഴകീറി പരിശോധിച്ചാല്‍, ചിത്രത്തില്‍ കാണിക്കുന്നതിനുമപ്പുറം ഓരോ ഫ്രെയിമും നമ്മോട് സംസാരിക്കുന്നുണ്ട്. ആദ്യം തൊട്ട് നോക്കാം.
1. കഥയിലുടനീളം സാന്നിധ്യമറിയിക്കുന്ന പ്രധാന കഥാപാത്രങ്ങളാണ് വിനയ് ഫോര്‍ട്ടിന്റേയും ടിനി ടോമിന്റേയും. ഇരുവരും പണത്തിനു വേണ്ടി നെട്ടോട്ടമോടുന്നതും, ഇരുവരുടേയും ജീവിത്തിലെ പ്രധാന കാര്യങ്ങളെല്ലാം പണത്താല്‍ അളക്കപ്പെടുമ്പോഴും, ദു:ഖിക്കുന്ന കോടീശ്വരന്മാരേപ്പോലെ ഇടയ്ക്ക് കയറിവരുന്ന കഥാപാത്രങ്ങള്‍ക്ക് ലക്ഷങ്ങള്‍ എണ്ണിക്കൊടുക്കുകയും ചെയ്യുന്ന ഇവര്‍ തന്നെയാണ് കഥയുടെ ജീവനാഡി.
2. അടുത്തത് ഏറ്റവും അവസാനഭാഗമെന്ന നിലയ്ക്ക് കഥയില്‍ രംഗപ്രവേശനം ചെയ്യുകയും എന്നാല്‍ കഥയ്ക്ക് ട്വിസ്‌ററ് കൊടുക്കുകയും ചെയ്ത EX-വികാരിയായ Fr. Xavier ന്റെ കഥാപാത്രമാണ്. അലന്‍സിയറാണ് അഭിനയിച്ചിരിക്കുന്നത്. തന്റെ മകന്റെ വിവാഹം കൂടാനാണ് വന്നതെന്നു പറയാനും, മുന്‍പ് പറഞ്ഞ കഥാപാത്രങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനും മടിയില്ലാത്ത വ്യക്തി. ഇയാള്‍ ഇന്നത്തെ എല്ലാ മതപുരോഹിതന്മാരുടേയും പ്രതിനിധിയാണ് (ബിഷപ്പ് ഫ്രാങ്കോയെ സ്മരിക്കുന്നു :P). അവസാനം ഒരുളുപ്പുമില്ലാതെ വിവാഹചടങ്ങു കുളമാക്കുന്നു. തനിക്കു പലസ്ഥലത്തായി പല മക്കളും ഉണ്ടെന്നു പറയുമ്പോള്‍ ലോകത്തുള്ള സകല മതങ്ങള്‍ക്കുമേലും ഒന്നു കാര്‍ക്കിച്ചു തുപ്പുന്നതായി എനിക്ക് തോന്നുന്നു.
3. മറ്റൊരു പ്രധാന കഥാപാത്രം ചിത്രത്തിലെ മണവാട്ടിയാണ്. ശാന്തി ബാല ചന്ദ്രന്‍ ഭംഗിയായിത്തന്നെ ലിന്‍ഡയെ അവതരിപ്പിച്ചു. അല്‍പം കൂടുതല്‍, അതായത് മരുന്നു കഴിച്ചാല്‍ മാത്രം നിയന്ത്രണത്തില്‍ നില്‍ക്കുന്ന വിധത്തിലാണ് പെണ്ണ്. അവള്‍ മരുന്നു കഴിക്കാതെ ചടങ്ങ് കുളമാക്കുന്നു. ലിന്‍ഡയുടെ ഡാന്‍സും അതേത്തുടര്‍ന്ന് വെളിവില്ലാതെ വിളിച്ചു പറയുന്ന കാര്യങ്ങളും മറ്റും അവളുടെ ഭ്രാന്തിനേക്കാള്‍ ചടങ്ങിനെത്തിയവരെ ചൊടിപ്പിച്ചു. അവള്‍ അറിയാതെ പറഞ്ഞ വാക്കുകള്‍/ കാര്യങ്ങള്‍ ആവാം അവളെ ഇതേപോലെ ഭ്രാന്തിയാക്കിയത്. കുട്ടിക്കാലത്ത് പാര്‍ക്കില്‍ കൊണ്ടുപോയി അവളുടെ വസ്ത്രം പൊക്കി പലതും ചെയ്ത അപ്പാപ്പന് നാണം ആണെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. എന്നിട്ട് സ്വന്തം വസ്ത്രം പൊക്കിക്കാണിക്കുന്നു. പലയിടത്തായി അവളെ ഉപയോഗിച്ച് ചേച്ചിയുടെ ഭര്‍ത്താവും ഒരു കാരണമല്ലേ?? സത്യത്തില്‍ അവള്‍ക്ക് ഭ്രാന്താണോ?? I dont think so!!!
മേല്‍പ്പറഞ്ഞതെല്ലാം എന്നെ ഏറ്റവുമധികം സ്വാധീനിച്ചവയാണ്.
ചിത്രത്തിന്റെ അവസാനം പുറത്താകുന്ന അവിഹിതബന്ധങ്ങള്‍ക്കും, സങ്കീര്‍ണമായ മറ്റു ബന്ധങ്ങള്‍ക്കും അളവുകോല്‍ ഇന്നത്തെക്കാലത്ത് ഒന്നേയുള്ളൂ,
പണം
കാരണം, മകളുടെ കുറവുകള്‍ പറയാതെ പണം കൊണ്ട് മൂടാന്‍ ശ്രമിച്ചിട്ടും തകര്‍ന്നുപോയ അഭിമാനം ലിന്‍ഡയുടെ രക്ഷിതാക്കളുടേത് മാത്രമല്ലാ, സമൂഹത്തിലെ ചിലരുടേത് കൂടിയാണ്. ചെറുക്കന്റെ കുറവുകള്‍ പറയാതിരിക്കയും, പുറംപൂച്ചില്‍ മയക്കിയും വിവാഹക്കച്ചവടം ഉറപ്പിച്ചപ്പോള്‍ നഷ്ടമായത് രോഹന്റെ മാത്രം ജീവിതമല്ലാ, സമൂഹത്തില്‍ അങ്ങനേയും ചിലരുണ്ട്. മകന്റെ ജന്മരഹസ്യം ആരുമറിയാതെ നിഷ്‌കളങ്കമായി സൂക്ഷിച്ച അമ്മയുടെ മാനം മകന്റെ ജീവിതത്തിലെ പ്രധാന ദിവസം തന്നെ പൊളിഞ്ഞില്ലേ! എന്നാല്‍ ex-വികാരിക്ക് ഒന്നും നഷ്ടമായില്ല. എന്തൊരു വിരോധാഭാസം !!! തനിക്ക് കിട്ടിയ സ്ത്രീധനത്തുകയുടെ കണക്കു പറഞ്ഞ് യുവതിയെ മാനസിക വ്യഥയിലാക്കുന്ന മൂത്ത മരുമകനും പഞ്ചപാവമായ ഭാര്യയും മറ്റൊരു സമൂഹത്തിന്റെ മുഖമാണ്.
ഇനിയുമിതില്‍ പച്ചയായ ജീവിതങ്ങള്‍ കാണാം. കുശുമ്പും, കുന്നായ്മയും, കുത്തിത്തിരിപ്പിനുമെല്ലാം തറവാടിത്തമുണ്ടെന്ന് ഇതില്‍ നിന്നും മനസിലാക്കാം.
സിനിമ അവസാനിക്കുമ്പോള്‍ മരുന്നിന്റെ സെഡേഷനില്‍ ലിന്‍ഡയുടെ നിഷ്‌കളങ്കമായ പുഞ്ചിരി രോഹനു നേര്‍ക്കു നീളുമ്പോള്‍ എനിക്ക് ഓര്മ്മവരുന്നത്, അവള്‍ ആദ്യമായി പള്ളിമുറ്റത്ത് രോഹനെക്കാണുമ്പോള്‍ പറയുന്ന കാര്യമാണ് ‘അമ്മേ എന്റെ ചെക്കന്‍’ എന്ന്. ആ ചിരി ഒരു പ്രതീക്ഷയാവാം. പക്ഷെ സമൂഹത്തോടുള്ള ഒരു ചോദ്യചിഹ്നമായിട്ടാണ് എനിക്ക് തോന്നിയത്.
അതെ, പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ!!!
Midhila Mariyat