സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ആഹായുടെ തീം സോങ്ങിന് താര നിബിഡമായ ലോഞ്ച്. സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സയനോര ഫിലിപ്പ്, ജുബിത് നമ്രടത്ത് , ടിറ്റോ പി തങ്കച്ചൻ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചന. ജുബിത് നമ്രടത്ത് എഴുതി അർജുൻ അശോകൻ പാടിയ തീം സോങ് നിരവധി താരങ്ങളാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി ലോഞ്ച് ചെയ്തത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ. വ്യത്യസ്ത സ്വഭാവത്തിൽ പെടുന്ന നാല് ഗാനങ്ങളാണ് ആഹായ്ക്ക് വേണ്ടി സയനോര ഒരുക്കിയിരിക്കുന്നത്. മലയാള സിനിമ ലോകത്ത് ഒന്നാം നിര സംഗീത സംവിധായകരുടെ ഇടയിലേക്ക് സയനോരയും എത്തുകയാണ് ആഹയിലൂടെ.

ലോകം നേരിടുന്ന മഹാമാരിക്കപ്പുറം പ്രതീക്ഷയുടെയും വെളിച്ചത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശവുമായാണ് ഗാനം പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽക്കർ സൽമാൻ, നിവിൻ പോളി, ടോവിനോ തോമസ്, മഞ്ജു വാരിയർ, ആസിഫ് അലി, വിജയ് സേതുപതി, കാർത്തി, ഉണ്ണി മുകുന്ദൻ, അജു വർഗീസ് , ജോജു ജോർജ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, ദിലീഷ് പോത്തൻ, സാനിയ അയ്യപ്പൻ, ആന്റണി പെപെ, ലാൽ, ബാലു വർഗീസ്, ലെന, ദുർഗ എന്നിങ്ങനെ സിനിമാലോകത്തെ നിരവധി പേരാണ് ലോഞ്ചിന്റെ ഭാഗമായത്. പുറത്തിറങ്ങി അല്പസമയത്തിനകം തന്നെ ഗാനം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

ലോകചരിത്രം പരിശോധിക്കുമ്പോൾ അറിയാം മനുഷ്യൻ എന്നും ദുരന്തങ്ങളെ മറികടന്നിട്ടുള്ളത് കലയെ കൂട്ടുപിടിച്ചിട്ടാണ്. ഇപ്പോൾ നമ്മൾ നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഈ കഠിനകാലഘട്ടങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള നവ ഊർജം പകരുന്ന , ഒരു അതിജീവനത്തിന്റെ ഗാനമാണ് ആഹായുടെ അണിയറ പ്രവർത്തകർ ഇന്ദ്രജിത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ കഥാതന്തുവാക്കി, സംഗീതത്തിനും, പ്രണയത്തിനും, കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്പോർട്സ് ഡ്രാമയാണ്. 84 ഇൽ അധികം ലൊക്കേഷനുകളിലായി ആറായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി 62 ദിവസങ്ങൾ കൊണ്ടാണ് ആഹയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. വടംവലി എന്ന വാക്കിന് പുതിയ പര്യായ പദം പോലെ ആഹ നീലൂർ എന്ന ടീമിന്റെ കഥയിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ് ആഹ പ്രദർശനത്തിനൊരുങ്ങുന്നത്. കുറച്ച് മാസങ്ങൾക്ക് മുന്നേ ഇറങ്ങിയ ആഹായുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

ആഹാ നിർമിച്ചിരിക്കുന്നത് സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. സിനിമാലോകത്തെ സജീവ സാന്നിധ്യമായ, ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടം വലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ് അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധായികയും, ഷംജിത് രവി ആർട് ഡയറക്ടറുമാണ്. സംവിധായകൻ ബിബിൻ പോൾ സാമുവൽ തന്നെ ആണ് ആഹായുടെ എഡിറ്റർ . റോണക്സ് സേവിയർ ആഹായുടെ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്.

 

Related Article

Write a comment

Your email address will not be published. Required fields are marked *