“ഇത്രയല്ലേ ഉള്ളൂ, ക്ഷമിച്ചുകൂടെ?”. ഈ ഡയലോഗ് നമ്മുടെ ചുറ്റുപാടിൽ നമ്മൾ തന്നെ പലതവണ കേട്ടിട്ടുണ്ടാകും . സ്ത്രീകൾ തന്നെ സ്ത്രീകളോട് ഈ ഡയലോഗ് പറയുന്നതാണ് കൂടുതൽ കേട്ടിട്ടുള്ളത്. ഇതിനു നമ്മുടെ മലയാള സിനിമ ലോകത്തെ മെയിൽ ഷോവനിസ്റ്റ് തിരക്കഥകളും നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. വിവാഹത്തിന് ഒരുങ്ങന്നതിനു മുൻപ് നമ്മുടെ പെൺകുട്ടികൾക്ക് നമ്മുടെ നാട്ടിലെ , വീട്ടിലെ സ്ത്രീകൾ നൽകുന്ന ഉപദേശമുണ്ട് വിവാഹം കഴിഞ്ഞാൽ ഭർത്താവാണ് എല്ലാം.. സ്ത്രീകൾ എല്ലാം ക്ഷമിക്കേണ്ടവരാണ്, അഡ്ജസ്റ്റ് ചെയ്യണ്ടവരാണ്
‘ധപ്പട്’- സ്ത്രീ,പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രം. പിങ്ക്, ഗെയിം ഓവർ , ഇപ്പൊ ധപ്പട് അങ്ങനെ സ്ത്രീ കേന്ദ്രീകൃതമായ വിഷയങ്ങൾ അവതരിപ്പിക്കുന്ന വേഷങ്ങളിൽ തപ്സി മികവ് കാട്ടുന്നു. സിനിമയിലെ മിക്ക സ്ത്രീ കഥാപാത്രങ്ങളും പല തരത്തിൽ കുടുംബത്തിൽ നിന്ന് പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. അമൃത – ഭർത്താവിന്റെ കാര്യങ്ങൾ നോക്കി, അയാൾക്ക് വേണ്ടുന്നതൊക്കെ ചെയ്തുകൊടുത്ത്, ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയെപ്പോലെ പരിചരിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന വളരെ സന്തോഷവതിയായ ഒരു ടിപ്പിക്കൽ ഇന്ത്യൻ വീട്ടമ്മയാണ്. അമൃതയുടെ ഭർത്താവ് വിക്രം ജോലി ചെയ്ത്കുടുംബം നോക്കുന്ന, കുടുംബത്തിന്റെ സുരക്ഷക്ക് വേണ്ടി ജോലിയിൽ കൂടുതൽ ഉയർച്ചനേടാൻ പരിശ്രമിക്കുന്ന, ഭാര്യക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന, ഒരു ടിപ്പിക്കൽ ഇന്ത്യൻ ഭർത്താവുമാണ്. ലണ്ടനിലേക്ക് സ്ഥാനമാറ്റവും സ്ഥാനക്കയറ്റവും പ്രതീക്ഷിച്ചിരുന്ന വിക്രം, അത് ലഭിച്ച സന്തോഷത്തിൽ വീട്ടിൽ ഒരു പാർട്ടി നടത്തുന്നു. ഈ പാർട്ടിക്കിടെ വിക്രം ലണ്ടനിലെ ജോലി അയാൾ ഉദ്ദേശിച്ച അത്ര വലിയ പോസ്റ്റിലേക്ക് അല്ലെന്ന് അറിയുന്നതിനെ തുടർന്ന് മേലുദ്യോഗസ്ഥനുമായി വാക്കേറ്റം ഉണ്ടാവുന്നു. അവിടെ തടുക്കാൻ വരുന്ന അമൃതയെ അപ്പോഴത്തെ ദേഷ്യം കൊണ്ട് വിക്രം മുഖത്ത് ആഞ്ഞടിക്കുന്നു. ഇതിനെത്തുടർന്ന് അമൃതക്ക് ഉണ്ടാവുന്ന മാനസികാഘാതമാണ് സിനിമയുടെ ഇതിവൃത്തം.

സ്ത്രീ പുരുഷ സമത്വത്തിലെ പാട്രിയാർക്കിയുടെ വശം തന്നെ ആണ് സിനിമ ചർച്ച ചെയ്യുന്ന വിഷയം . നമ്മളിൽ പലർക്കും സ്വന്തമായോ അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നും കണ്ടോ കേട്ടോ ഉള്ള ഒരു അനുഭവം ആയിരിക്കും. ട്വിസ്റ്റുകളോ രോമാഞ്ചം വരുന്ന പഞ്ച് ഡയലോഗുകളോ കാര്യമായ തമാശ രംഗങ്ങളോ ഒന്നുമില്ലാതെ ഈ സിനിമ നമ്മളെ പിടിച്ചിരുത്തുന്നതും സിനിമയുടെ ലൈഫ് തന്നെ ആണ്. അതുകൊണ്ട് തന്നെ പറയാം ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഈ സിനിമ ചർച്ച ചെയ്യുന്ന വിഷയം പുരോഗമനം എന്ന ലേബലിൽ മാത്രം ചെയ്തുകൂട്ടിയത് അല്ല. കാരണം നമ്മുടെ പെണ്കുട്ടികളെ നമ്മൾ പറഞ്ഞു പഠിപ്പിക്കുന്നത് ഇവയാണ് ഭർത്താവുമായി വഴക്കിട്ട് വീട്ടിൽ വരുന്ന മകൾ പുരാതനകാലം മുതൽ വീടിന് പെരുദോഷമുണ്ടാക്കുന്നവളാണ്. ഒച്ചയെടുത്താൽ സ്ത്രീ അഹങ്കാരിയാണ്. ആണുങ്ങളായാൽ ഭാര്യമാരെ തല്ലിയെന്നുവരാം, അല്ലെങ്കിൽ പെണ്ണുംപിള്ള ഒച്ച വച്ചാൽ ഒന്ന് പൊട്ടിക്കുന്നവനാണ് ആണ് ,എന്നൊക്കെയാണ് . കൂടാതെ നമ്മുടെ സിനിമകളിൽ സൃഷ്ടിക്കുന്നത് ഇത്തരം പൊതുബോധം ആണ് ശരിയെന്നുള്ള 90 ശതമാനം കഥാപാത്രങ്ങളെയും. ഇതിനെതിരെ ആണ് തപ്പഡ് സംസാരിക്കുന്നത്. നായിക വേഷം കൈകാര്യം ചെയ്ത തപ്‌സി മാത്രമല്ല സിനിമയിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അതുപോലെ കഥയെ കൃത്യമായി ബിൽഡ് ചെയ്ത് പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി സ്ഥിരം ക്ലിഷേ ക്ലൈമാക്സിലേക്ക് സിനിമയെ എത്തിക്കാതെ തന്നെ ഒരു പോസിറ്റിവ് അനുഭവം നൽകിയതിന് തിരക്കഥാകൃത്ത് മൃന്മയീ ലഗൂവിനും സംവിധായകൻ അനുഭവ് സിൻഹക്കും കയ്യടികൾ.

Related Article

Write a comment

Your email address will not be published. Required fields are marked *